2012, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച








ഒത്തിരി നാളായി  പാവം പ്രവാസി എന്തേലും എഴുതിയിട്ട് ..അപ്പോള്‍ നാളുകള്‍ക്കു ശേഷം എഴുതാന്‍ പറ്റിയത് ഭക്തിയെക്കാളും പ്രണയത്തിന്‍റെയും വാത്സല്യത്തിന്‍റെയും ആരാധനയുടെയും ഒക്കെ  എക്കാലത്തെയും പ്രതീകമായ കൃഷ്ണഭഗവാന്‍ പിറന്ന ജന്മാഷ്ടടമിയെകുറിച്ച് തന്നെയാണ് സംശയമില്ല ..

ഭക്തരുടെ മനസ്സില്‍ ആഘോഷത്തിന്‍റെ നെയ്ത്തിരികള്‍ തെളിച്ചുകൊണ്ട് വീണ്ടും ശ്രീകൃഷ്ണ ജയന്തി. ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി- കൃഷ്ണഭഗവാന്‍ പിറന്ന ജന്മാഷ്ടമി ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന ദിവസമാണ് .

ലോകനന്മയ്ക്കായി മഹാവിഷ്ണു ശ്രീകൃഷ്ണനായി അവതരിച്ച ദിവസമാണ് ചിങ്ങത്തിലെ കറുത്ത പക്ഷത്തില്‍ അഷ്ടമിയും രോഹിണിയും ചേര്‍ന്ന ദിവസം. മഹാവിഷ്ണുവിന്‍റെ എട്ടാമത്തെ അവതാരമായിരുന്നത്കൊണ്ട് ശ്രീകൃഷ്ണന്‍റെ ജന്മദിവസം ജന്മാഷ്ടമിയായി അറിയപ്പെടുന്നു. ലോകത്ത് അധര്‍മ്മം കൂടുകയും ദുഷ്ട ജനങ്ങളുടെ ഭാരം ഭൂമീദേവിക്ക് അസഹ്യമാവുകയും ചെയ്തപ്പോള്‍ ധര്‍മ്മ സംരക്ഷണത്തിനും അങ്ങനെ ലോകനന്മയ്ക്കുമായാണ് ശ്രീകൃഷ്ണാവതാരം ഉണ്ടായത്.മഹാവിഷ്ണുവിന്‍റെ പൂര്‍ണ്ണ അവതാരമാണ് ശ്രീകൃഷ്ണനും ,ശ്രീരാമനും എന്ന് എല്ലാവര്‍ക്കും അറിയാമെന്നു പാവം പ്രവാസി കരുതട്ടെ ..മത്സ്യം, കൂര്‍മ്മം, വരാഹം, പരശുരാമന്‍ എന്നിവയെല്ലാം അംശ അവതാരങ്ങളായാണ് കണക്കാക്കുന്നത്. അവ ഒരു ചെറിയ ചൈതന്യം സ്വീകരിച്ച് ഭൂമിയില്‍ വന്നു, കര്‍മ്മം അനുഷ്ഠിച്ച് തിരിച്ചുപോയി എന്നാണ് വിശ്വാസം ..എന്നാല്‍  ജനിക്കുകയും മനുഷ്യനെപ്പോലെ ജീവിക്കുകയും മരിക്കുകയും ചെയ്ത അവതാരങ്ങളാണ് ശ്രീരാമനും ശ്രീകൃഷ്ണനും..അതുകൊണ്ടുതന്നെ എനിക്കും ഒത്തിരി ഇഷ്ടമാണ് ഈ രണ്ടു അവതാരങ്ങളും എന്ന് സാന്ദര്‍ഭികമായി പറഞ്ഞുകൊള്ളട്ടെ .. വിഷ്ണു പൂര്‍ണ്ണ ചൈതന്യരൂപിയായി നേരിട്ട് ഭൂമിയില്‍ അവതരിച്ചത് ശ്രീകൃഷ്ണനായാണ് എന്ന് പറഞ്ഞാല്‍ തെറ്റില്ല -- മഹാഭാരത കഥയില്‍ ഗീതോപദേശം നല്‍കുന്ന ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനനെ വിശ്വരൂപം കാണിച്ചു അനുഗ്രഹിക്കുന്നുണ്ട് അതിനാല്‍  ശ്രീകൃഷ്ണ ജയന്തിയാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ ഏറ്റവും പ്രധാനപ്പെട്ട ദിവസം എന്ന് ഞാനും വിശ്വസിക്കുന്നു .  ദേവകിയുടെ പുത്രനായി ജനിച്ച് 
യശോദയുടെയും നന്ദഗോപരുടെയും പുത്രനായി വളര്‍ന്ന്, ലോകം കണ്ട ഏറ്റവും വലിയ,നല്ല കാമുകനും ഭര്‍ത്താവും കൌശലക്കാരനും ഇടനിലക്കാരനും സര്‍വോപരി എല്ലാ ദൈവങ്ങളില്‍ നിന്നും കൂടുതല്‍ ചൈതന്യവും ഒക്കെയുള്ള സാക്ഷാല്‍ കൃഷ്ണന്റെ , ഗുരുവായൂരപ്പന്റെ , കാര്‍മുകില്‍ വര്‍ണന്റെ ,മുരളീമാധവന്റെ ജന്മസുദിനത്തില്‍ എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും ഈ പാവം പ്രവാസിയുടെ ശ്രീകൃഷ്ണ ജയന്തി ആശംസകള്‍.... ...